Wednesday, March 9, 2011

ഞങ്ങടെ അപ്പു .....

    പുല്ലുവളപ്പില്‍ തൊടീല് വളര്ത്തുന്ന നായ്ക്കളെല്ലാം കടിയന്മാരായിരിക്കും എന്നൊരു പറച്ചില്‍ ഉണ്ട് നാട്ടില്‍ . ഇതിനൊരു അപവാദമാണ് അപ്പു. എന്റെ വീട്ടിലെ നായയല്ല അവന്‍ . തറവാട്ടിലാണ് ഉള്ളത്. പക്ഷെ, പുല്ലുവളപ്പില്‍ തറവാട്ടിലെ എല്ലാ വീടും അവനു സ്വന്തമാണ്. വളരെ കുഞ്ഞായിരിക്കുമ്പോള്‍ കൊണ്ടോന്നതാണ് പാപ്പന്‍( ചെറിയഅച്ഛന്‍) അവനെ വീട്ടിലേക്ക്. നായ, പൂച്ച എന്നീ ഇനങ്ങളില്‍ പെട്ട ജീവികളെ തൊടുന്നതും അടുത്തേക്ക് വരുന്നതും തീരെ ഇഷ്ട്ടമല്ലാത്ത എനിക്ക് ഇഷ്ട്ടം തോന്നിയ ഒരേ ഒരു ജീവിയാണ് അപ്പു.

     അവനെ ചെറുപ്പത്തില്‍ കാണാന്‍ വളരെ ഓമനത്തം ആയിരുന്നു. കണ്ടാലേ അറിയാം ഏതോ സങ്കര ഇനത്തിന്റെ തലമുറയില്‍ പെട്ടതാണെന്ന്. പാല് കുടിക്കുന്ന ആക്രാന്തം കണ്ടിട്ട് കൊണ്ടോന്ന പാപ്പന്‍ തന്നെ ഞെട്ടിപ്പോയി. പക്ഷെ പാല് കുടിക്കുന്നതില്‍ മാത്രമേ അവനു താത്പര്യം ഉണ്ടായിരുന്നുള്ളൂ. എപ്പൊഴും ഒരു വിരുന്നുകാരനെ പോലെ .ആരോടും ഒരു മൈന്ടും ഇല്ല. കുര പോയിട്ട് ഒരു മുരളല്‍ പോലും ഉണ്ടാക്കിയിരുന്നില്ല. അപ്പോള്‍ എല്ലാരും ഉറപ്പിച്ചു ഇതു പണ്ട്ഉള്ളവന്മാരേക്കാള്‍ കേമന്‍ ആയിരിക്കുമെന്നു. കാരണം കുരയ്ക്കും പട്ടി കടിക്കാഞ്ഞാല്‍ കുരയ്ക്കാത്ത അപ്പുവോ ? എന്റെ അമ്മ അവനെ വെറുപ്പിച്ചു കൊണ്ടിരിക്കും , അവന്‍ ഒന്ന് കുരച്ചു കാണാന്‍. അത്കൊണ്ടാണോ എന്തോ അവന് ഇപ്പോള്‍ നല്ല dts ശബ്ദത്തിലുള്ള കുരയാണ്.

    അവനു എല്ലാത്തിനോടും പേടി ആണ്. പക്ഷെ പേടി വന്നാല്‍ അവന് ഉറക്കെ കുരയ്ക്കും . അതുകേട്ടാല്‍ പേടിപ്പിക്കാന്‍ വന്ന ആള്‍ പേടിക്കും. അവന്‍ വന്നാല്‍ പൂച്ച ഒന്നും ആ പരിസരത്ത് നില്ക്കി ല്ല. പൂച്ചയെപോലും അവന്‍ പേടിച്ച് പേടിപ്പിക്കും. കണ്ടാല്‍ അവന്‍ വളരെ കരുത്തനാണ്. വളരെ ശക്തി ഉള്ള കാലുകളാണ് അവന്റെ പ്രത്യേകത.


    എല്ലാ ദിവസവും അത്താഴം കഴിയുന്ന സമയത്ത് അവന്‍ വീട്ടില്‍ എത്തും, ചോറ് കഴിക്കാന്‍. അമ്മ അവനു ചോറും കറിയും കുഴച്ച് അവന്റെ ചട്ടിയില്‍ ഇട്ടുകൊടുക്കും. വീട്ടില്‍ അവനു ഭക്ഷണം കഴിക്കാനായി ഒരു ചട്ടി ഉണ്ട്. അതിലിടുന്ന ചോറ് മുഴുവന്‍ ഒരു വറ്റുപോലും ബാക്കിവെക്കാതെ അവന്‍ കഴിച്ചുതീര്ക്കും . പക്ഷെ പച്ചമുളക് മാത്രം തൊടില്ല. അതുമാത്രം ചട്ടിയില്‍ ബാക്കി കിടക്കും.അത് കഴിഞ്ഞാല്‍ അടുത്ത വീട്ടിലേക്ക് . ഞങ്ങളുടെ എല്ലാ വീട്ടിലെയും അത്താഴത്തിന്റെ സമയം അവനു കൃത്യമായി അറിയാം. വീട്ടില്‍ ചിക്കന്‍ മസാലയിട്ട് കറി വച്ചാല്‍ അവന്‍ എവിടന്നേലും ഓടി എത്തും. അതിപ്പോള്‍ ചിക്കന്‍ മസാല ഇട്ടു ഉരുളകിഴങ്ങ് വച്ചാലും അവന്‍ എത്തും.

   ഇവന് മുന്പേേ തറവാട്ടിലുണ്ടായിരുന്ന നായ അനാഥന്‍ ആണ് . അവന്റെ പേരാണ് അനാഥന്‍. അവനെ പേടി ഇല്ലാത്തവരായിട്ടു ആരും തന്നെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ വീട്ടുകാരൊഴികെ. അന്ന് ഞാന്‍ വളരെ ചെറിയ കുട്ടിയാണ്. എന്റെ ഒപ്പം കളിക്കുന്ന കുട്ടികളൊന്നും തറവാട്ടിലെ തൊടിയിലേക്ക്‌ കയറില്ല ,ഇവനെ പേടിച്ച്. അവസാനം കടികിട്ടിയവര്ക്ക് നഷ്ട്പരിഹാരം കൊടുത്തു കൊടുത്തു മതിയായി പാപ്പന്‍ അവനെ കൊന്നു :( . പാപ്പനെയും എനിക്ക് കുറ്റം പറയാന്‍ വയ്യ ,അനാഥനെയും . പാവം. പാപ്പന്‍ ഇഷ്ട്ടതോടെ കൊന്നതല്ല അവനെ .വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാണ്. അല്ലെങ്കില്‍ കുഞ്ഞിലേ വളര്ത്തി കൊണ്ട് വന്ന ഒന്നിനെ ആര്ക്കാ കൊല്ലാന്‍ കഴിയ ... അനാഥനു മുന്നേ തറവാട്ടില്‍ വളര്ത്തി യ നായ്ക്കളും കടിയന്മാരായിരുന്നെന്നു കേട്ടിട്ടുണ്ട്. പക്ഷെ അവയെല്ലാം ഞാന്‍ ജനിക്കുന്നതിനു മുന്പേ മരിച്ചു .


   പക്ഷെ അപ്പു ആരെയും കടിച്ചിട്ടില്ല. എല്ലാരോടും ചങ്ങാത്തം കൂടും. വളരെ വിരളമായി ചില അപരിചിതരെ കാണുമ്പോള്‍ കുരയ്ക്കും. എന്നാലും കടിക്കില്ല. പക്ഷെ രാത്രി എന്തനക്കം കേട്ടാലും അവന്‍ കുരയ്ക്കും . ഞങ്ങളുടെ കാലൊച്ച ഒഴികെ . അതവനു അറിയാം. . ഞങ്ങടെ ഏതു വീട്ടിലാണെങ്കിലും എന്തെങ്കിലും വിശേഷം നടക്കാനുണ്ടെങ്കില്‍ അത് അവനു മനസിലാകും. അത് കല്യാണങ്ങള്‍ ആകട്ടെ വിരുന്നു വരവുകള്‍ ആകട്ടെ . ഞങ്ങള്‍ വീട്ടുകാര്‍ തയ്യാറെടുക്കുന്നതിനു മുന്നേ അവന്‍ തയ്യാറെടുക്കും. ആ വീടിനും പരിസരത്തിനും ചുറ്റും ഉണ്ടാകും അവന്‍. വേറെയെങ്ങും പോകാതെ കാവല്ക്കാരനായി.

   അപ്പുന്റടുത് എനിക്ക് ഇഷ്ട്ടപ്പെടാത്ത കുറെ സ്വഭാവം ഉണ്ട്. പ്രധാനം കുളിക്കാനുള്ള മടി, മറ്റു ചാവാലി നായ്ക്കള്ക്കൊപ്പമുള്ള തെണ്ടിതിരിയല്‍ എവിടെക്കെങ്കിലും പോകാന്‍ ഇറങ്ങുമ്പോള്‍ പിന്നാലെ വരുന്നത് പിന്നെ അടുത്ത് വന്നു മുട്ടിയുരുമ്മാന്‍ നോക്കുന്നത് തുടങ്ങിയവ. അവനെന്തിനാ നായ്ക്കളുടെ സ്വഭാവം കാണിക്കുന്നത് അവനു അപ്പുവായാല്‍ പോരെ ? കാരണം എനിക്കീ നായ്ക്കളെ ഇഷ്ട്ടമേ അല്ല.

No comments:

Post a Comment