Wednesday, March 9, 2011

ഞങ്ങടെ അപ്പു .....

    പുല്ലുവളപ്പില്‍ തൊടീല് വളര്ത്തുന്ന നായ്ക്കളെല്ലാം കടിയന്മാരായിരിക്കും എന്നൊരു പറച്ചില്‍ ഉണ്ട് നാട്ടില്‍ . ഇതിനൊരു അപവാദമാണ് അപ്പു. എന്റെ വീട്ടിലെ നായയല്ല അവന്‍ . തറവാട്ടിലാണ് ഉള്ളത്. പക്ഷെ, പുല്ലുവളപ്പില്‍ തറവാട്ടിലെ എല്ലാ വീടും അവനു സ്വന്തമാണ്. വളരെ കുഞ്ഞായിരിക്കുമ്പോള്‍ കൊണ്ടോന്നതാണ് പാപ്പന്‍( ചെറിയഅച്ഛന്‍) അവനെ വീട്ടിലേക്ക്. നായ, പൂച്ച എന്നീ ഇനങ്ങളില്‍ പെട്ട ജീവികളെ തൊടുന്നതും അടുത്തേക്ക് വരുന്നതും തീരെ ഇഷ്ട്ടമല്ലാത്ത എനിക്ക് ഇഷ്ട്ടം തോന്നിയ ഒരേ ഒരു ജീവിയാണ് അപ്പു.

     അവനെ ചെറുപ്പത്തില്‍ കാണാന്‍ വളരെ ഓമനത്തം ആയിരുന്നു. കണ്ടാലേ അറിയാം ഏതോ സങ്കര ഇനത്തിന്റെ തലമുറയില്‍ പെട്ടതാണെന്ന്. പാല് കുടിക്കുന്ന ആക്രാന്തം കണ്ടിട്ട് കൊണ്ടോന്ന പാപ്പന്‍ തന്നെ ഞെട്ടിപ്പോയി. പക്ഷെ പാല് കുടിക്കുന്നതില്‍ മാത്രമേ അവനു താത്പര്യം ഉണ്ടായിരുന്നുള്ളൂ. എപ്പൊഴും ഒരു വിരുന്നുകാരനെ പോലെ .ആരോടും ഒരു മൈന്ടും ഇല്ല. കുര പോയിട്ട് ഒരു മുരളല്‍ പോലും ഉണ്ടാക്കിയിരുന്നില്ല. അപ്പോള്‍ എല്ലാരും ഉറപ്പിച്ചു ഇതു പണ്ട്ഉള്ളവന്മാരേക്കാള്‍ കേമന്‍ ആയിരിക്കുമെന്നു. കാരണം കുരയ്ക്കും പട്ടി കടിക്കാഞ്ഞാല്‍ കുരയ്ക്കാത്ത അപ്പുവോ ? എന്റെ അമ്മ അവനെ വെറുപ്പിച്ചു കൊണ്ടിരിക്കും , അവന്‍ ഒന്ന് കുരച്ചു കാണാന്‍. അത്കൊണ്ടാണോ എന്തോ അവന് ഇപ്പോള്‍ നല്ല dts ശബ്ദത്തിലുള്ള കുരയാണ്.

    അവനു എല്ലാത്തിനോടും പേടി ആണ്. പക്ഷെ പേടി വന്നാല്‍ അവന് ഉറക്കെ കുരയ്ക്കും . അതുകേട്ടാല്‍ പേടിപ്പിക്കാന്‍ വന്ന ആള്‍ പേടിക്കും. അവന്‍ വന്നാല്‍ പൂച്ച ഒന്നും ആ പരിസരത്ത് നില്ക്കി ല്ല. പൂച്ചയെപോലും അവന്‍ പേടിച്ച് പേടിപ്പിക്കും. കണ്ടാല്‍ അവന്‍ വളരെ കരുത്തനാണ്. വളരെ ശക്തി ഉള്ള കാലുകളാണ് അവന്റെ പ്രത്യേകത.


    എല്ലാ ദിവസവും അത്താഴം കഴിയുന്ന സമയത്ത് അവന്‍ വീട്ടില്‍ എത്തും, ചോറ് കഴിക്കാന്‍. അമ്മ അവനു ചോറും കറിയും കുഴച്ച് അവന്റെ ചട്ടിയില്‍ ഇട്ടുകൊടുക്കും. വീട്ടില്‍ അവനു ഭക്ഷണം കഴിക്കാനായി ഒരു ചട്ടി ഉണ്ട്. അതിലിടുന്ന ചോറ് മുഴുവന്‍ ഒരു വറ്റുപോലും ബാക്കിവെക്കാതെ അവന്‍ കഴിച്ചുതീര്ക്കും . പക്ഷെ പച്ചമുളക് മാത്രം തൊടില്ല. അതുമാത്രം ചട്ടിയില്‍ ബാക്കി കിടക്കും.അത് കഴിഞ്ഞാല്‍ അടുത്ത വീട്ടിലേക്ക് . ഞങ്ങളുടെ എല്ലാ വീട്ടിലെയും അത്താഴത്തിന്റെ സമയം അവനു കൃത്യമായി അറിയാം. വീട്ടില്‍ ചിക്കന്‍ മസാലയിട്ട് കറി വച്ചാല്‍ അവന്‍ എവിടന്നേലും ഓടി എത്തും. അതിപ്പോള്‍ ചിക്കന്‍ മസാല ഇട്ടു ഉരുളകിഴങ്ങ് വച്ചാലും അവന്‍ എത്തും.

   ഇവന് മുന്പേേ തറവാട്ടിലുണ്ടായിരുന്ന നായ അനാഥന്‍ ആണ് . അവന്റെ പേരാണ് അനാഥന്‍. അവനെ പേടി ഇല്ലാത്തവരായിട്ടു ആരും തന്നെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ വീട്ടുകാരൊഴികെ. അന്ന് ഞാന്‍ വളരെ ചെറിയ കുട്ടിയാണ്. എന്റെ ഒപ്പം കളിക്കുന്ന കുട്ടികളൊന്നും തറവാട്ടിലെ തൊടിയിലേക്ക്‌ കയറില്ല ,ഇവനെ പേടിച്ച്. അവസാനം കടികിട്ടിയവര്ക്ക് നഷ്ട്പരിഹാരം കൊടുത്തു കൊടുത്തു മതിയായി പാപ്പന്‍ അവനെ കൊന്നു :( . പാപ്പനെയും എനിക്ക് കുറ്റം പറയാന്‍ വയ്യ ,അനാഥനെയും . പാവം. പാപ്പന്‍ ഇഷ്ട്ടതോടെ കൊന്നതല്ല അവനെ .വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാണ്. അല്ലെങ്കില്‍ കുഞ്ഞിലേ വളര്ത്തി കൊണ്ട് വന്ന ഒന്നിനെ ആര്ക്കാ കൊല്ലാന്‍ കഴിയ ... അനാഥനു മുന്നേ തറവാട്ടില്‍ വളര്ത്തി യ നായ്ക്കളും കടിയന്മാരായിരുന്നെന്നു കേട്ടിട്ടുണ്ട്. പക്ഷെ അവയെല്ലാം ഞാന്‍ ജനിക്കുന്നതിനു മുന്പേ മരിച്ചു .


   പക്ഷെ അപ്പു ആരെയും കടിച്ചിട്ടില്ല. എല്ലാരോടും ചങ്ങാത്തം കൂടും. വളരെ വിരളമായി ചില അപരിചിതരെ കാണുമ്പോള്‍ കുരയ്ക്കും. എന്നാലും കടിക്കില്ല. പക്ഷെ രാത്രി എന്തനക്കം കേട്ടാലും അവന്‍ കുരയ്ക്കും . ഞങ്ങളുടെ കാലൊച്ച ഒഴികെ . അതവനു അറിയാം. . ഞങ്ങടെ ഏതു വീട്ടിലാണെങ്കിലും എന്തെങ്കിലും വിശേഷം നടക്കാനുണ്ടെങ്കില്‍ അത് അവനു മനസിലാകും. അത് കല്യാണങ്ങള്‍ ആകട്ടെ വിരുന്നു വരവുകള്‍ ആകട്ടെ . ഞങ്ങള്‍ വീട്ടുകാര്‍ തയ്യാറെടുക്കുന്നതിനു മുന്നേ അവന്‍ തയ്യാറെടുക്കും. ആ വീടിനും പരിസരത്തിനും ചുറ്റും ഉണ്ടാകും അവന്‍. വേറെയെങ്ങും പോകാതെ കാവല്ക്കാരനായി.

   അപ്പുന്റടുത് എനിക്ക് ഇഷ്ട്ടപ്പെടാത്ത കുറെ സ്വഭാവം ഉണ്ട്. പ്രധാനം കുളിക്കാനുള്ള മടി, മറ്റു ചാവാലി നായ്ക്കള്ക്കൊപ്പമുള്ള തെണ്ടിതിരിയല്‍ എവിടെക്കെങ്കിലും പോകാന്‍ ഇറങ്ങുമ്പോള്‍ പിന്നാലെ വരുന്നത് പിന്നെ അടുത്ത് വന്നു മുട്ടിയുരുമ്മാന്‍ നോക്കുന്നത് തുടങ്ങിയവ. അവനെന്തിനാ നായ്ക്കളുടെ സ്വഭാവം കാണിക്കുന്നത് അവനു അപ്പുവായാല്‍ പോരെ ? കാരണം എനിക്കീ നായ്ക്കളെ ഇഷ്ട്ടമേ അല്ല.

Saturday, March 5, 2011

ചൂടും തണുപ്പും

    കമ്പനി നല്‍കുന്ന താമസ സൗകര്യം എങ്ങനെയിരിക്കുമെന്ന്‍ എനിക്ക് ഒരു ഊഹവും ഇല്ലായിരുന്നു. വരുമ്പഴേ മാമന്‍ പറഞ്ഞിരുന്നു " ബാച്ചിലര്‍ അക്കൊമെടെഷന്‍ ആവാനാണ് സാധ്യത , നീ നല്ലതുപോലെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും"
      " ഓ..ശരി, എന്തായാലും ഇറങ്ങി പുറപ്പെട്ടില്ലേ.. ഇനി  വരുന്നിടത്ത് വച്ച് കാണാം ."

 എന്റെ പെട്ടിയും വലിച്ചോണ്ട് ഞാന്‍ എനിക്ക് റൂം കാണിച്ചു തരാന്‍ വന്ന അക്കൌണ്ട്സ് മേനെജരുടെ കൂടെ പോയി. ലിഫ്റ്റ്‌ മുകളിലെ നിലയിലെത്തി. " ആഹാ, ഇവിടെയാല്ലേ റൂം?"

  അങ്ങേര്‍ക്കു ഒരു ഭാവ വ്യത്യാസവും ഇല്ല. അങ്ങേരു ഒരു ഡോര്‍ തുറന്നു സ്റ്റെപ്പ് കയറി വീണ്ടും മോളിലേക്ക് പോയി . ഇത് എങ്ങോട്ടാണാവോ? ഇത്രേം നേരം വലിച്ചോണ്ട് നടന്ന പെട്ടി 
ഞാന്‍ തൂക്കേണ്ടി വന്നു . ഈശ്വരാ .. മുടിഞ്ഞ കനം. അവിടെയാണേല്‍ 
എ സി യും ഇല്ല. കയറി റൂഫ് ല്‍എത്തി. ജൂലൈ മാസത്തെ കൊടും ചൂട്. പോരാത്തതിനു 
എ സി യില്‍ നിന്നും പുറത്തേക്കു വരുന്ന ചൂടും .

  എന്നെ  ഏതെങ്കിലും ലേബര്‍ കാമ്പിലെക്കാണോ പറഞ്ഞയക്കുന്നെ? 
ഇപ്പൊ തന്നെ എനിക്ക് വീട്ടിപോണം  എന്ന് പറഞ്ഞു കരയണോ ?? 

റൂഫില്‍ എത്തി അയാള്‍  ഒരു റൂമിന്റെ ഡോര്‍ തുറന്നു.  എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മൂന്നു റൂമുള്ള ഒരു മനോഹരമായ ഒരു ചെറിയ വീട് തന്നെ ആയിരുന്നു അത് . അതില്‍ ഒരു റൂം തുറന്നു തന്നിട്ട് അയാള്‍ പറഞ്ഞു "അജേഷ് ഇത് നിന്റെ റൂമാണ്. ഇതിനടുത്തുള്ള റൂമാണ് എന്റേത്. പിന്നെ നിന്റെ റൂമില്‍ തണുപ്പ് സ്വല്‍പ്പം കൂടുതലായിരിക്കും."
അങ്ങേരു തമിഴനാണ്. അങ്ങേരു തമിഴും മലയാളവും കൂടിയ ഒരു പ്രത്യേക ഭാഷയിലാണ് ഇത് പറഞ്ഞത്. കേട്ടാല്‍ ചിരി വരും. വേണ്ട ചിരിച്ചിട്ട് അങ്ങേരുടെ കണ്ണില്‍ കരടാകേണ്ട.

lol  എനിക്ക് സ്വന്തമായി റൂം  ഓഫീസിന്റെ അതെ കെട്ടിടത്തില്‍ . അതും ദുബായില്‍. തണുപ്പ് സ്വല്‍പ്പം കൂടിയാലെന്താ. പുറത്ത് കൊടും ചൂടല്ലേ. വൈകുന്നേരം കമ്പനി പുതിയ ബ്ലാന്കെറ്റ്, ബെഡ് എല്ലാം കൊണ്ടുതന്നു. രാത്രി കിടക്കാന്‍ തുടങ്ങിയപ്പോഴാണ് തണുപ്പ് പ്രേത രൂപത്തില്‍ വരാന്‍ തുടങ്ങിയത്. ഏകദേശം ഫ്രീസറില്‍ കിടക്കുന്ന പോലെ ഉണ്ട്. പിന്നെ തൊലിക്കട്ടി അപാരം ആയതോണ്ട് എനിക്ക് ഒരു അസുഖവും  വന്നില്ല. രാവിലെ എണീറ്റ് വെയിലത്ത്‌ പോയി നിന്ന്‍ ഖരാവസ്ഥയിലുള്ള ചോരയെ ദ്രാവകാവസ്ഥയിലാക്കും. ഇനി വെയിലത്ത്‌ നിന്ന്‍ അതെങ്ങാനും നീരാവിയാവാന്‍ തുടങ്ങിയാലും ഡോണ്ട് വറി.
ഓടി അകത്തു കയറിയാല്‍ മതി. അത് സ്വിച്ചിട്ടപോലെ തണുക്കും. രാത്രി ഉറങ്ങിയാല്‍ ആന പൊക്കികൊണ്ട് പോയാലും അറിയാത്തതുകൊണ്ട് തണുപ്പ് എനിക്ക് പ്രശ്നമേ അല്ലായിരുന്നു.

 അങ്ങനെ ആ റൂമിനെ ഞാന്‍ വല്ലാണ്ട്ഇഷ്ട്ടപെട്ടുപോയി .പക്ഷെ വിധി മുനിസിപാലിറ്റി യുടെ രൂപത്തില്‍   എന്നെയും എന്റെ ഫ്രീസര്‍ റൂമിനേയും തമ്മില്‍അകറ്റി. അങ്ങനെ എന്റെയും മറ്റു രണ്ടു റൂമിലുള്ള രണ്ടുപേരുടെയും അവിടുത്തെ താമസം അവസാനിച്ചു. ഇത്രേം നാള്‍ അവരവിടെ ഹാപ്പി ആയി കഴിഞ്ഞതാ. ഞാന്‍ കാലെടുത്തു വച്ചപ്പോഴേക്കും അവര്‍ക്ക് കിടപ്പാടം പോയി. എന്റെ കാലിന്റെ ഒരു പവര്‍ നോക്കണേ .

  അങ്ങനെ എന്നെ പിടിച്ച് കമ്പനിയുടെ ഫിനാന്‍സ് കോണ്ട്രോലരുടെ ഫ്ലാറ്റിലാക്കി. അത് ഒരു സ്റ്റുഡിയോ ഫ്ലാറ്റ് ആണ്. അങ്ങേര്‍ക്ക് ശല്യമാകാന്‍ നിക്കാതെ ഞാന്‍ എ സിയുടെ ചുവട്ടില്‍ സെറ്റിലായി. എന്നാലും ഫ്രീസരിനോളം  വരില്ല എ സിയിലിട്ടത്. എന്നാലും ഉള്ള തനുപ്പോണ്ട് ഞാന്‍ ഓണം ഉണ്ടു.

     പിന്നേം എന്റെ കാല്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയോ എന്നൊരു സംശയം. സഹമുറിയനും കമ്പനിയുമായി ചെറിയ അഭിപ്രായ വ്യത്യാസം ഉള്ളതോണ്ട് അങ്ങേരു രാജി കത്ത് കൊടുത്തെന്നോ, പോവാന്നോ, എന്തരോ എന്തോ ... എന്തായാലും ഇതുവരെ പോയിട്ടില്ല. ഇനി പോവണേല്‍ തന്നെ അതിന്റെ കുറ്റം ഏറ്റെടുക്കാന്‍ എന്റെ കാല്‍ തയ്യാറുമല്ല.

 ഫ്രീസര്‍ റൂമിനെ ഉപേക്ഷിച്ചപോലത്തെ വിഷമം എനിക്ക് പിന്നെ തോന്നിയത് എനിക്ക് ഇവിടെ ആകെ കിട്ടിയ മൂന്നു കൂട്ടുകാരെ പിരിഞ്ഞപ്പോഴാണ് . പേര് ചിന്നു, പൊന്നു പിന്നെ കണ്ണനും. യഥാക്രമം രണ്ടു, ഒന്ന് ,അര വയസ്സുകാര്‍. പുതിയ താമസ സ്ഥലത്തെ അയല്‍വാസികള്‍.കണ്ണന്‍ വലിയ കമ്പനി ആയിട്ടില്ലായിരുന്നു.  പക്ഷെ മറ്റു രണ്ടുപേരും ഭയങ്കര കൂട്ടായിരുന്നു. വൈകീട്ട് ഓഫീസില്‍ നിന്നെത്തിയാല്‍ ചിന്നുവിന് കുറെ കഥകള്‍ ഉണ്ടാകും പറയാന്‍. എല്ലാം കണ്ണനെയും പോന്നുവിനെയും പറ്റി. നാട്ടിലേക്ക് പോകുമ്പോള്‍ എനിക്ക് ചൊകന്ന കുപ്പായോം പച്ച ട്രൌസറും വാങ്ങിതരാന്നും പെട്ടി യില്‍ ഇട്ടിട്ട് നാട്ടിലേക്ക് കൊണ്ടോകാന്നും  പറയും . മിക്കവാറും എല്ലാ 
ദിവസവും പറഞ്ഞു നിര്തുന്നതിവിടെയാകും. അവള് സംസാരിക്കുന്നതിനിടയിലെങ്ങാനും
അറിയാതെ ചിരിച്ചു പോയാല്‍ ദേഷ്യപെട്ടു ഓടിപോകും . അതോണ്ട് 
നമ്മള്‍ എല്ലാം വളരെ സീരിയസ് ആയി മൂളി കേട്ടോണം.

 ചിന്നുവിന്റെ അനിയനാണ് കണ്ണന്‍ , പൊന്നു അവളുടെ ചെറിയച്ഛന്റെ മോളും. പൊന്നു അധികം സംസാരിക്കാനായിട്ടില്ല.
അവളുടെ അപ്പൂപ്പനും അമ്മൂമ്മയും എന്നെ അങ്കിള്‍ എന്ന് വിളിക്കാനാണ്  പറഞ്ഞു കൊടുക്കുക. "അങ്കിളിനു ബൈ പറയൂ .. അങ്കിളിനു ഫ്ലയിംഗ് കിസ്സ്‌ കൊടുക്കൂ" അങ്ങനെ അങ്ങനെ . പക്ഷെ എനിക്ക് ആ വിളി ഒരു സുഖം തോന്നിയില്ല. ഞാന്‍ "മാമന്റെ മോളെവിടെ" എന്നെ ചോദിക്കരുള്ളൂ. മാമനെന്നെ പറയാറുള്ളൂ . അവളെന്നെ പക്ഷെ മാമനെന്നോ അങ്കിള്‍ എന്നോ വിളിക്കാറില്ല. ചുമ്മാ ചിരിക്കും എന്ന് മാത്രം. എന്ത് ഭംഗിയാന്നോ അത് കാണാന്‍.

  ഒരു ദിവസം ഞാന്‍ മാമന് റ്റാറ്റാ താ പോന്നൂസേ എന്ന് പറഞ്ഞു ഞാന്‍ ലിഫ്റ്റിന്റെ അടുതെത്തിയപ്പോഴേക്കും മാമാ എന്നൊരു നീട്ടി വിളി കേട്ടു. എന്നെ ഫ്രീസര്‍ റൂമില്‍ കൊണ്ടിട്ട് രണ്ടു കോട്ട ഐസ് നെഞ്ജത്തിട്ടപോലെ  ഒരു ഫീലിംഗ്. അതിനുശേഷം  എപ്പോള്‍ കാണുമ്പോഴും അവളെന്നെ മാമാ എന്ന് വിളിക്കും . വേറെ ഒന്നും പറയാറില്ലെങ്കിലും .

അവരെല്ലാം കുറെ കൂടെ സൌകര്യമുള്ള വീടുകിട്ടിയപ്പോള്‍ അങ്ങോട്ട്‌ താമസം മാറി.

അതിനുശേഷം ജോലി കഴിഞ്ഞെത്തിയാല്‍ ഞാന്‍ അനുഭവിക്കുന്ന ഒരു ഫീലിംഗ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇത്രേം നാള്‍ ഒറ്റയ്ക്ക് കഴിഞ്ഞിട്ടും ഞാന്‍ തനിച്ചാണ് എന്ന്‍ എനിക്ക് തോന്നിയിട്ടേ ഇല്ല . പക്ഷെ അവര് പോയപ്പോള്‍ ആകെ ഒറ്റപെട്ടതുപോലെ. ഇപ്പോഴും ജോലി കഴിഞ്ഞു വരുമ്പോള്‍ ആ ഒഴിഞ്ഞ ഫ്ലാറ്റിലേക്ക് ചുമ്മാ ഒന്ന് നോക്കി പോകും . കഥകള്‍ പറഞ്ഞു തരാന്‍ അവിടെ ആരുമില്ല എന്ന്‍ അറിയാമായിരുന്നിട്ടും. ആ നിമിഷം  എനിക്ക് ചുറ്റിലും ചൂട് മാത്രമേ ഉണ്ടാകാറുള്ളൂ ....





Wednesday, March 2, 2011

ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ


    നാട്ടില്‍ വീടിന്റെ മുറ്റത്ത്‌ സിന്ദൂര കായ ഉണ്ടാകുന്ന ഒരുമരം ഉണ്ട്. ആ കായയുടെ പേര് ശരിക്കും സിന്ദൂര കായ ആണോ എന്നൊന്നും എനിക്കറിയില്ല. കാണാന്‍ rambutan പോലിരിക്കും. വീട്ടില്‍ എത്തുന്ന പലരും ഇതുതാനല്ലയോ അത് എന്ന്‍ ഉത്പ്രേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതതല്ല ഇതു സിന്ദൂരക്കായ ആണെന്ന് അവരോടെല്ലാവരോടും ഞാന്‍ പറഞ്ഞു കൊടുക്കും. ആ മരം കൊണ്ട് വീട്ടില്‍ യാതൊരു ഉപകാരവും ഇല്ല, അച്ഛന്‍ തെങ്ങിന് തോലിടാന്‍ (പച്ചിലവളം ) ചില്ല വെട്ടും എന്നല്ലാതെ. പിന്നെ വേറെ ഒരുപകാരം ചുറ്റുവട്ടത്തുള്ള പിള്ളേരെല്ലാം കളിക്കാന്‍ ആ കായ പറിച്ചോണ്ട് പോകും. പൊളിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ ചെറിയ മണികള്‍ പോലെ കാണാം. അതില്‍ പറ്റിപിടിച്ചു സിന്ദൂര നിറത്തിലുള്ള പൊടിയും. ഒരു പ്രത്യേക ഗന്ധവും ഉണ്ടാകും. അമ്മ ഏതോ ഒരു പുസ്തകത്തില്‍ അതിന്റെ കളര്‍ ഭക്ഷണത്തിന് ചേര്‍ക്കാം എന്ന് വായിച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നു. അച്ഛന്‍ അമ്മയെ അത് അടുക്കളയിലേക്ക് കയറ്റാന്‍ സമ്മതിച്ചിട്ടില്ലെന്നു മാത്രം.

    ആ മരത്തിനോട് എനിക്ക് ഇഷ്ട്ടം തോന്നാന്‍ ഒരു പ്രത്യേക കാരണം കൂടെ ഉണ്ട്. അത് ഉണ്യാത്ത അമ്മായി കുഴിച്ചിട്ട മരമാണ്. ഞാന്‍ ചെറിയ കുട്ടി ആകുമ്പോള്‍. അമ്മായി അച്ഛച്ഛന്റെ പെങ്ങള്‍ ആണ്.അവരിന്നില്ല . ചേച്ചിയുടെ കല്യാണത്തിന് മുറ്റം വീതികൂട്ടാന്‍ വേണ്ടി ആ മരം മുറിച്ചു മാറ്റാന്‍ പറഞ്ഞിട്ട് ഞാന്‍ സമ്മതിച്ചില്ല. എന്റെ കര്‍ലയതിന്റെ വള്ളിയും , മുല്ലവള്ളിയും നിഷ്കരുണം മുറിച്ചു മാറ്റിയപോലല്ലിത്. മുല്ലവള്ളി എനിക്കെപ്പോഴും ഇഷ്ട്ടമുള്ള ചെടിയാണ്, കര്‍ലയം - (ഇതിന്റെ യഥാര്‍ത്ഥ പേരാണോ ? അറിയില്ല) ഒരു ഔഷദസസ്യം ആണ്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്ക് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരീക്ഷക്ക് വേണ്ടി അച്ഛന്‍ ഏതോ കാട്ടീന്നു പറിച്ചോണ്ട് വന്നതാ. അത് പരീക്ഷ കഴിഞ്ഞേരെ അച്ഛന്‍ തന്നെ കിണറിന്റെ കരയില്‍ കുഴിച്ചിട്ടു. അത് മൂത്ത് മൂത്ത് വര്‍ഷങ്ങളോളം ഞങ്ങടെ മുറ്റത്ത്‌ കഴിഞ്ഞു. മുറ്റം നന്നാക്കുന്നവര്‍ അതിനെ കൊല്ലുന്നത് വരെ. അത് മൂത്ത് മൂത്ത് അതില്‍ കായും പൂവും വരെ ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. വേര് കിണറിന്റെ അടിവരെ എത്തി പുറത്തേക്കു കാണാന്‍ പറ്റുമായിരുന്നു :( അതിന്റെ പൂവിനു ജാര്‍ ഷേപ്പ് ആയിരുന്നു. അതിന്റെ മറ്റൊരു പ്രത്യേകത monarch butterfly ഇനത്തില്‍ പെട്ട വലിയ പൂമ്പാറ്റ അതിലാണ് മുട്ട ഇടാറു.ഞാന്‍ അതിന്റെ larvea യെ ഒരുപാടു കൊന്നിട്ടുണ്ട് ചെറുപ്പത്തില്‍ . ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു. ഏയ്‌ , എന്തിനു ചെറുപ്പത്തില്‍ ചെയ്തതല്ലേ , എന്റെ ചെടിയുടെ ഇല മുഴുവന്‍ തിന്നാന്‍ നോക്കീട്ടല്ലേ. ഈ ചെടിയുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ വളര്‍ന്നു വരുന്നുണ്ട്. അതോണ്ട് പൂമ്പാറ്റയും വന്നു തുടങ്ങുന്നു :). കര്‍ലയത്തിന്റെ ഇല അരച്ചു ചെറിയ വിഷജീവികള്‍ കടിച്ചാല്‍ ആ ഭാഗത്ത്‌ പുരട്ടും. അടുതുല്ലോരെല്ലാം വന്നു പറിക്കുമ്പോള്‍ എനിക്കൊരു ചെറിയ അഭിമാനം തോന്നും . എന്റെ വീട്ടില്‍ മാത്രം ഉള്ള വിശേഷ വസ്തുവല്ലേ.


    ഈ രണ്ടു പ്രിയപ്പെട്ട ചെടികളും മുറിച്ചു മാറ്റിയപ്പോഴും സിന്ദൂരകായേല്‍ തൊടാന്‍ ഞാന്‍ സമ്മതിച്ചില്ല. കാരണം അമ്മായിക്ക് മക്കളും, ആങ്ങളെടെ കുട്ട്യേളും ഒക്കെ വേറെ ഉണ്ടായിട്ടും, അവര്‍ക്കൊക്കെ സ്ഥലം ഉണ്ടായിട്ടും, അമ്മായിക്ക് സ്വന്തം പുരയിടം ഉണ്ടായിട്ടും അമ്മായി ആ ചെടി നട്ടത് ഞങ്ങടെ മുറ്റതല്ലേ. അത് ഞങ്ങളോടുള്ള സ്നേഹം കൊണ്ടല്ലേ? അമ്മായി അത് സ്നേഹം കൊണ്ട് നാട്ടതാണോ എന്നൊന്നും എനിക്കറിയില്ല . അതിന്നാലും വെട്ടണ്ട അതവിടെ ആര്‍ക്കും ഉപദ്രവമില്ലാതെ ഇരുന്നോട്ടെ.


        അമ്മായി മക്കളോടും മരുമക്കളോടും എല്ലാം വഴക്കിട്ടു ഒറ്റക്കായിരുന്നു താമസം. ഒരു ചെറിയ കുടിലില്‍ . തൊട്ടടുത്ത പറമ്പില്‍ അച്ഛന്റെ വല്യമ്മയും താമസിച്ചിരുന്നു. രണ്ടുപേരും എപ്പൊഴും മുട്ടന്‍ വഴക്കായിരുന്നു. നാത്തൂന്‍ പോര്. രണ്ടുപേരും കൂടോത്രത്തിലും മന്ത്രവാദത്തിലും എല്ലാം വിശ്വസിച്ചിരുന്നു. അതിന്റെ പേരിലാണ് വഴക്കെല്ലാം. വല്യമ്മയാണ് ആദ്യം മരിച്ചത് . അതിനു ശേഷം അമ്മായിക്ക് ഒറ്റയ്ക്ക് കഴിയാന്‍ പേടി ആയിരുന്നു .


     അമ്മായിയുടെ ചേച്ചിയാണ് ഞങ്ങടെ ഏടത്തിഅച്ഛമ്മ. ഞാന്‍ ഇങ്ങു ദുബായില്‍ എത്തി മൂന്ന് മാസം ആയപ്പോള്‍ ഏടത്തി അച്ഛമ്മ മരിച്ചു . ഇനി ഞാന്‍ നാട്ടില്‍ പോയാല്‍ അവിടെ ഏടത്തി അച്ഛമ്മ ഇല്ല :( ഏടത്തി അച്ഛമ്മ എന്റെ വല്യച്ഛന്റെ വീട്ടിലാണ്‌ കഴിഞ്ഞിരുന്നത് . അവര്‍ കല്യാണം കഴിച്ചിട്ടില്ല. പക്ഷെ വെളുത്തു സുന്ദരി ആയിരുന്നു. അമ്മായി പറയും നിങ്ങളിങ്ങനെ പാലെല്ലാം കൊടുത്തിട്ടാണ് എന്റെ ഏടത്തി വെളുത്തിരിക്കുന്നതെന്ന്. വളരെ ശാന്ത സ്വഭാവി ആയ ഏടത്തി അച്ഛമ്മ ഞങ്ങടെ എല്ലാം പ്രിയങ്കരി ആയിരുന്നു. അമ്മായിയുടെ നേരെ എതിര്‍ സ്വഭാവം.

   എനിക്കും അമ്മയ്ക്കും ചിക്കന്‍പോക്സ് വന്നപ്പോള്‍ നോക്കിയത് ഏടത്തിഅച്ഛമ്മ ആണ് . ഞാന്‍ അന്ന് വളരെ ചെറുതായിരുന്നു , പക്ഷെ അവരുടെ സ്നേഹത്തോടെ ഉള്ള പരിചരണം ഇപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ട്. അതിനുള്ള ശേഷിപ്പായി എന്റെ മാറിലെ രോമങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ എനിക്ക് മാത്രം കാണാനായി രോഗത്തിന്റെ കല ഉണ്ട്. എന്റെ നെഞ്ചിന്റെ ഒത്തനടുക്ക്.
     ഏടത്തിഅച്ഛമ്മ യെ സ്നേഹിച്ച പോലെ ഞാന്‍ അമ്മായിയെ സ്നേഹിച്ചിട്ടില്ലെന്നത്‌ സത്യമാണ്. പക്ഷെ ഒരിക്കലും ഒരു ഇഷ്ടക്കേടും തോന്നിയിട്ടില്ല.



     ഇതുപോലെ ഞാന്‍ ഒരു ലില്ലി ചെടിയും വളര്തുനുണ്ട്. ഞാന്‍ നേഴ്സറി പഠിക്കുമ്പോള്‍ ചങ്ങാതീടെ വീടീന്നു കൊണ്ടൊന്നു കുഴിച്ചിട്ടതാണ്‌ ഞാന്‍ ഒരു ദിവസം നോക്കിയപ്പോള്‍ അത് മുറ്റത്ത്‌ കാണുന്നില്ല. ഞാന്‍ അമ്മയോട് ചോദിച്ചപ്പോള്‍ , പറഞ്ഞു അത് അച്ഛന്‍ പറിച്ചു തെങ്ങിന് തോലിട്ടെന്നു. ഈ വയസ്സിലും എന്റെ കണ്ണ് നിറഞ്ഞു പോയി. കൊല്ലങ്ങളായി ഞാന്‍ കണ്ടുകൊണ്ടിരുന്ന ചെടി. എത്ര നിസാരമായാണ് പിഴുതെറിഞ്ഞത്. എന്റെ വിഷമം കണ്ട അച്ഛന്‍ മണ്ണ് തുറന്നു ആ ചെടി പുറത്തെടുത് , മാറ്റി തടം വെട്ടി കുഴിച്ചിട്ടു. അതിപ്പോള്‍ പഴയതിനേക്കാള്‍ ഉഷാറായി വളരുന്നു. അച്ഛന്‍ കുഴിച്ചിട്ടതോണ്ടാകാം.


      ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും വില പറയാന്‍ കഴിയില്ല . അതൊരു ചെടിയാണെങ്കിലും മുറിവിന്റെ പാടാണെങ്കിലും. അത് ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകളിലേക്കുള്ള പാതകളാണ്. നമുക്കെല്ലാവര്‍ക്കും ഉണ്ടാകും ഇതുപോലത്തെ ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ . ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ