Saturday, March 5, 2011

ചൂടും തണുപ്പും

    കമ്പനി നല്‍കുന്ന താമസ സൗകര്യം എങ്ങനെയിരിക്കുമെന്ന്‍ എനിക്ക് ഒരു ഊഹവും ഇല്ലായിരുന്നു. വരുമ്പഴേ മാമന്‍ പറഞ്ഞിരുന്നു " ബാച്ചിലര്‍ അക്കൊമെടെഷന്‍ ആവാനാണ് സാധ്യത , നീ നല്ലതുപോലെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും"
      " ഓ..ശരി, എന്തായാലും ഇറങ്ങി പുറപ്പെട്ടില്ലേ.. ഇനി  വരുന്നിടത്ത് വച്ച് കാണാം ."

 എന്റെ പെട്ടിയും വലിച്ചോണ്ട് ഞാന്‍ എനിക്ക് റൂം കാണിച്ചു തരാന്‍ വന്ന അക്കൌണ്ട്സ് മേനെജരുടെ കൂടെ പോയി. ലിഫ്റ്റ്‌ മുകളിലെ നിലയിലെത്തി. " ആഹാ, ഇവിടെയാല്ലേ റൂം?"

  അങ്ങേര്‍ക്കു ഒരു ഭാവ വ്യത്യാസവും ഇല്ല. അങ്ങേരു ഒരു ഡോര്‍ തുറന്നു സ്റ്റെപ്പ് കയറി വീണ്ടും മോളിലേക്ക് പോയി . ഇത് എങ്ങോട്ടാണാവോ? ഇത്രേം നേരം വലിച്ചോണ്ട് നടന്ന പെട്ടി 
ഞാന്‍ തൂക്കേണ്ടി വന്നു . ഈശ്വരാ .. മുടിഞ്ഞ കനം. അവിടെയാണേല്‍ 
എ സി യും ഇല്ല. കയറി റൂഫ് ല്‍എത്തി. ജൂലൈ മാസത്തെ കൊടും ചൂട്. പോരാത്തതിനു 
എ സി യില്‍ നിന്നും പുറത്തേക്കു വരുന്ന ചൂടും .

  എന്നെ  ഏതെങ്കിലും ലേബര്‍ കാമ്പിലെക്കാണോ പറഞ്ഞയക്കുന്നെ? 
ഇപ്പൊ തന്നെ എനിക്ക് വീട്ടിപോണം  എന്ന് പറഞ്ഞു കരയണോ ?? 

റൂഫില്‍ എത്തി അയാള്‍  ഒരു റൂമിന്റെ ഡോര്‍ തുറന്നു.  എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മൂന്നു റൂമുള്ള ഒരു മനോഹരമായ ഒരു ചെറിയ വീട് തന്നെ ആയിരുന്നു അത് . അതില്‍ ഒരു റൂം തുറന്നു തന്നിട്ട് അയാള്‍ പറഞ്ഞു "അജേഷ് ഇത് നിന്റെ റൂമാണ്. ഇതിനടുത്തുള്ള റൂമാണ് എന്റേത്. പിന്നെ നിന്റെ റൂമില്‍ തണുപ്പ് സ്വല്‍പ്പം കൂടുതലായിരിക്കും."
അങ്ങേരു തമിഴനാണ്. അങ്ങേരു തമിഴും മലയാളവും കൂടിയ ഒരു പ്രത്യേക ഭാഷയിലാണ് ഇത് പറഞ്ഞത്. കേട്ടാല്‍ ചിരി വരും. വേണ്ട ചിരിച്ചിട്ട് അങ്ങേരുടെ കണ്ണില്‍ കരടാകേണ്ട.

lol  എനിക്ക് സ്വന്തമായി റൂം  ഓഫീസിന്റെ അതെ കെട്ടിടത്തില്‍ . അതും ദുബായില്‍. തണുപ്പ് സ്വല്‍പ്പം കൂടിയാലെന്താ. പുറത്ത് കൊടും ചൂടല്ലേ. വൈകുന്നേരം കമ്പനി പുതിയ ബ്ലാന്കെറ്റ്, ബെഡ് എല്ലാം കൊണ്ടുതന്നു. രാത്രി കിടക്കാന്‍ തുടങ്ങിയപ്പോഴാണ് തണുപ്പ് പ്രേത രൂപത്തില്‍ വരാന്‍ തുടങ്ങിയത്. ഏകദേശം ഫ്രീസറില്‍ കിടക്കുന്ന പോലെ ഉണ്ട്. പിന്നെ തൊലിക്കട്ടി അപാരം ആയതോണ്ട് എനിക്ക് ഒരു അസുഖവും  വന്നില്ല. രാവിലെ എണീറ്റ് വെയിലത്ത്‌ പോയി നിന്ന്‍ ഖരാവസ്ഥയിലുള്ള ചോരയെ ദ്രാവകാവസ്ഥയിലാക്കും. ഇനി വെയിലത്ത്‌ നിന്ന്‍ അതെങ്ങാനും നീരാവിയാവാന്‍ തുടങ്ങിയാലും ഡോണ്ട് വറി.
ഓടി അകത്തു കയറിയാല്‍ മതി. അത് സ്വിച്ചിട്ടപോലെ തണുക്കും. രാത്രി ഉറങ്ങിയാല്‍ ആന പൊക്കികൊണ്ട് പോയാലും അറിയാത്തതുകൊണ്ട് തണുപ്പ് എനിക്ക് പ്രശ്നമേ അല്ലായിരുന്നു.

 അങ്ങനെ ആ റൂമിനെ ഞാന്‍ വല്ലാണ്ട്ഇഷ്ട്ടപെട്ടുപോയി .പക്ഷെ വിധി മുനിസിപാലിറ്റി യുടെ രൂപത്തില്‍   എന്നെയും എന്റെ ഫ്രീസര്‍ റൂമിനേയും തമ്മില്‍അകറ്റി. അങ്ങനെ എന്റെയും മറ്റു രണ്ടു റൂമിലുള്ള രണ്ടുപേരുടെയും അവിടുത്തെ താമസം അവസാനിച്ചു. ഇത്രേം നാള്‍ അവരവിടെ ഹാപ്പി ആയി കഴിഞ്ഞതാ. ഞാന്‍ കാലെടുത്തു വച്ചപ്പോഴേക്കും അവര്‍ക്ക് കിടപ്പാടം പോയി. എന്റെ കാലിന്റെ ഒരു പവര്‍ നോക്കണേ .

  അങ്ങനെ എന്നെ പിടിച്ച് കമ്പനിയുടെ ഫിനാന്‍സ് കോണ്ട്രോലരുടെ ഫ്ലാറ്റിലാക്കി. അത് ഒരു സ്റ്റുഡിയോ ഫ്ലാറ്റ് ആണ്. അങ്ങേര്‍ക്ക് ശല്യമാകാന്‍ നിക്കാതെ ഞാന്‍ എ സിയുടെ ചുവട്ടില്‍ സെറ്റിലായി. എന്നാലും ഫ്രീസരിനോളം  വരില്ല എ സിയിലിട്ടത്. എന്നാലും ഉള്ള തനുപ്പോണ്ട് ഞാന്‍ ഓണം ഉണ്ടു.

     പിന്നേം എന്റെ കാല്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയോ എന്നൊരു സംശയം. സഹമുറിയനും കമ്പനിയുമായി ചെറിയ അഭിപ്രായ വ്യത്യാസം ഉള്ളതോണ്ട് അങ്ങേരു രാജി കത്ത് കൊടുത്തെന്നോ, പോവാന്നോ, എന്തരോ എന്തോ ... എന്തായാലും ഇതുവരെ പോയിട്ടില്ല. ഇനി പോവണേല്‍ തന്നെ അതിന്റെ കുറ്റം ഏറ്റെടുക്കാന്‍ എന്റെ കാല്‍ തയ്യാറുമല്ല.

 ഫ്രീസര്‍ റൂമിനെ ഉപേക്ഷിച്ചപോലത്തെ വിഷമം എനിക്ക് പിന്നെ തോന്നിയത് എനിക്ക് ഇവിടെ ആകെ കിട്ടിയ മൂന്നു കൂട്ടുകാരെ പിരിഞ്ഞപ്പോഴാണ് . പേര് ചിന്നു, പൊന്നു പിന്നെ കണ്ണനും. യഥാക്രമം രണ്ടു, ഒന്ന് ,അര വയസ്സുകാര്‍. പുതിയ താമസ സ്ഥലത്തെ അയല്‍വാസികള്‍.കണ്ണന്‍ വലിയ കമ്പനി ആയിട്ടില്ലായിരുന്നു.  പക്ഷെ മറ്റു രണ്ടുപേരും ഭയങ്കര കൂട്ടായിരുന്നു. വൈകീട്ട് ഓഫീസില്‍ നിന്നെത്തിയാല്‍ ചിന്നുവിന് കുറെ കഥകള്‍ ഉണ്ടാകും പറയാന്‍. എല്ലാം കണ്ണനെയും പോന്നുവിനെയും പറ്റി. നാട്ടിലേക്ക് പോകുമ്പോള്‍ എനിക്ക് ചൊകന്ന കുപ്പായോം പച്ച ട്രൌസറും വാങ്ങിതരാന്നും പെട്ടി യില്‍ ഇട്ടിട്ട് നാട്ടിലേക്ക് കൊണ്ടോകാന്നും  പറയും . മിക്കവാറും എല്ലാ 
ദിവസവും പറഞ്ഞു നിര്തുന്നതിവിടെയാകും. അവള് സംസാരിക്കുന്നതിനിടയിലെങ്ങാനും
അറിയാതെ ചിരിച്ചു പോയാല്‍ ദേഷ്യപെട്ടു ഓടിപോകും . അതോണ്ട് 
നമ്മള്‍ എല്ലാം വളരെ സീരിയസ് ആയി മൂളി കേട്ടോണം.

 ചിന്നുവിന്റെ അനിയനാണ് കണ്ണന്‍ , പൊന്നു അവളുടെ ചെറിയച്ഛന്റെ മോളും. പൊന്നു അധികം സംസാരിക്കാനായിട്ടില്ല.
അവളുടെ അപ്പൂപ്പനും അമ്മൂമ്മയും എന്നെ അങ്കിള്‍ എന്ന് വിളിക്കാനാണ്  പറഞ്ഞു കൊടുക്കുക. "അങ്കിളിനു ബൈ പറയൂ .. അങ്കിളിനു ഫ്ലയിംഗ് കിസ്സ്‌ കൊടുക്കൂ" അങ്ങനെ അങ്ങനെ . പക്ഷെ എനിക്ക് ആ വിളി ഒരു സുഖം തോന്നിയില്ല. ഞാന്‍ "മാമന്റെ മോളെവിടെ" എന്നെ ചോദിക്കരുള്ളൂ. മാമനെന്നെ പറയാറുള്ളൂ . അവളെന്നെ പക്ഷെ മാമനെന്നോ അങ്കിള്‍ എന്നോ വിളിക്കാറില്ല. ചുമ്മാ ചിരിക്കും എന്ന് മാത്രം. എന്ത് ഭംഗിയാന്നോ അത് കാണാന്‍.

  ഒരു ദിവസം ഞാന്‍ മാമന് റ്റാറ്റാ താ പോന്നൂസേ എന്ന് പറഞ്ഞു ഞാന്‍ ലിഫ്റ്റിന്റെ അടുതെത്തിയപ്പോഴേക്കും മാമാ എന്നൊരു നീട്ടി വിളി കേട്ടു. എന്നെ ഫ്രീസര്‍ റൂമില്‍ കൊണ്ടിട്ട് രണ്ടു കോട്ട ഐസ് നെഞ്ജത്തിട്ടപോലെ  ഒരു ഫീലിംഗ്. അതിനുശേഷം  എപ്പോള്‍ കാണുമ്പോഴും അവളെന്നെ മാമാ എന്ന് വിളിക്കും . വേറെ ഒന്നും പറയാറില്ലെങ്കിലും .

അവരെല്ലാം കുറെ കൂടെ സൌകര്യമുള്ള വീടുകിട്ടിയപ്പോള്‍ അങ്ങോട്ട്‌ താമസം മാറി.

അതിനുശേഷം ജോലി കഴിഞ്ഞെത്തിയാല്‍ ഞാന്‍ അനുഭവിക്കുന്ന ഒരു ഫീലിംഗ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇത്രേം നാള്‍ ഒറ്റയ്ക്ക് കഴിഞ്ഞിട്ടും ഞാന്‍ തനിച്ചാണ് എന്ന്‍ എനിക്ക് തോന്നിയിട്ടേ ഇല്ല . പക്ഷെ അവര് പോയപ്പോള്‍ ആകെ ഒറ്റപെട്ടതുപോലെ. ഇപ്പോഴും ജോലി കഴിഞ്ഞു വരുമ്പോള്‍ ആ ഒഴിഞ്ഞ ഫ്ലാറ്റിലേക്ക് ചുമ്മാ ഒന്ന് നോക്കി പോകും . കഥകള്‍ പറഞ്ഞു തരാന്‍ അവിടെ ആരുമില്ല എന്ന്‍ അറിയാമായിരുന്നിട്ടും. ആ നിമിഷം  എനിക്ക് ചുറ്റിലും ചൂട് മാത്രമേ ഉണ്ടാകാറുള്ളൂ ....





No comments:

Post a Comment