നാട്ടില്‍ വീടിന്റെ മുറ്റത്ത് സിന്ദൂര കായ ഉണ്ടാകുന്ന ഒരുമരം ഉണ്ട്. ആ കായയുടെ പേര് ശരിക്കും സിന്ദൂര കായ ആണോ എന്നൊന്നും എനിക്കറിയില്ല. കാണാന്‍ rambutan പോലിരിക്കും. വീട്ടില്‍ എത്തുന്ന പലരും ഇതുതാനല്ലയോ അത് എന്ന്‍ ഉത്പ്രേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതതല്ല ഇതു സിന്ദൂരക്കായ ആണെന്ന് അവരോടെല്ലാവരോടും ഞാന്‍ പറഞ്ഞു കൊടുക്കും. ആ മരം കൊണ്ട് വീട്ടില്‍ യാതൊരു ഉപകാരവും ഇല്ല, അച്ഛന്‍ തെങ്ങിന് തോലിടാന്‍ (പച്ചിലവളം ) ചില്ല വെട്ടും എന്നല്ലാതെ. പിന്നെ വേറെ ഒരുപകാരം ചുറ്റുവട്ടത്തുള്ള പിള്ളേരെല്ലാം കളിക്കാന്‍ ആ കായ പറിച്ചോണ്ട് പോകും. പൊളിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ ചെറിയ മണികള്‍ പോലെ കാണാം. അതില്‍ പറ്റിപിടിച്ചു സിന്ദൂര നിറത്തിലുള്ള പൊടിയും. ഒരു പ്രത്യേക ഗന്ധവും ഉണ്ടാകും. അമ്മ ഏതോ ഒരു പുസ്തകത്തില്‍ അതിന്റെ കളര്‍ ഭക്ഷണത്തിന് ചേര്‍ക്കാം എന്ന് വായിച്ചിട്ടുണ്ടെന്നു പറഞ്ഞിരുന്നു. അച്ഛന്‍ അമ്മയെ അത് അടുക്കളയിലേക്ക് കയറ്റാന്‍ സമ്മതിച്ചിട്ടില്ലെന്നു മാത്രം.
ആ മരത്തിനോട് എനിക്ക് ഇഷ്ട്ടം തോന്നാന്‍ ഒരു പ്രത്യേക കാരണം കൂടെ ഉണ്ട്. അത് ഉണ്യാത്ത അമ്മായി കുഴിച്ചിട്ട മരമാണ്. ഞാന്‍ ചെറിയ കുട്ടി ആകുമ്പോള്‍. അമ്മായി അച്ഛച്ഛന്റെ പെങ്ങള്‍ ആണ്.അവരിന്നില്ല . ചേച്ചിയുടെ കല്യാണത്തിന് മുറ്റം വീതികൂട്ടാന്‍ വേണ്ടി ആ മരം മുറിച്ചു മാറ്റാന്‍ പറഞ്ഞിട്ട് ഞാന്‍ സമ്മതിച്ചില്ല. എന്റെ കര്‍ലയതിന്റെ വള്ളിയും , മുല്ലവള്ളിയും നിഷ്കരുണം മുറിച്ചു മാറ്റിയപോലല്ലിത്. മുല്ലവള്ളി എനിക്കെപ്പോഴും ഇഷ്ട്ടമുള്ള ചെടിയാണ്, കര്‍ലയം - (ഇതിന്റെ യഥാര്‍ത്ഥ പേരാണോ ? അറിയില്ല) ഒരു ഔഷദസസ്യം ആണ്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്ക് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരീക്ഷക്ക് വേണ്ടി അച്ഛന്‍ ഏതോ കാട്ടീന്നു പറിച്ചോണ്ട് വന്നതാ. അത് പരീക്ഷ കഴിഞ്ഞേരെ അച്ഛന്‍ തന്നെ കിണറിന്റെ കരയില്‍ കുഴിച്ചിട്ടു. അത് മൂത്ത് മൂത്ത് വര്‍ഷങ്ങളോളം ഞങ്ങടെ മുറ്റത്ത് കഴിഞ്ഞു. മുറ്റം നന്നാക്കുന്നവര്‍ അതിനെ കൊല്ലുന്നത് വരെ. അത് മൂത്ത് മൂത്ത് അതില്‍ കായും പൂവും വരെ ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. വേര് കിണറിന്റെ അടിവരെ എത്തി പുറത്തേക്കു കാണാന്‍ പറ്റുമായിരുന്നു :( അതിന്റെ പൂവിനു ജാര്‍ ഷേപ്പ് ആയിരുന്നു. അതിന്റെ മറ്റൊരു പ്രത്യേകത monarch butterfly ഇനത്തില്‍ പെട്ട വലിയ പൂമ്പാറ്റ അതിലാണ് മുട്ട ഇടാറു.ഞാന്‍ അതിന്റെ larvea യെ ഒരുപാടു കൊന്നിട്ടുണ്ട് ചെറുപ്പത്തില്‍ . ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു. ഏയ് , എന്തിനു ചെറുപ്പത്തില്‍ ചെയ്തതല്ലേ , എന്റെ ചെടിയുടെ ഇല മുഴുവന്‍ തിന്നാന്‍ നോക്കീട്ടല്ലേ. ഈ ചെടിയുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ വളര്‍ന്നു വരുന്നുണ്ട്. അതോണ്ട് പൂമ്പാറ്റയും വന്നു തുടങ്ങുന്നു :). കര്‍ലയത്തിന്റെ ഇല അരച്ചു ചെറിയ വിഷജീവികള്‍ കടിച്ചാല്‍ ആ ഭാഗത്ത് പുരട്ടും. അടുതുല്ലോരെല്ലാം വന്നു പറിക്കുമ്പോള്‍ എനിക്കൊരു ചെറിയ അഭിമാനം തോന്നും . എന്റെ വീട്ടില്‍ മാത്രം ഉള്ള വിശേഷ വസ്തുവല്ലേ.
ഈ രണ്ടു പ്രിയപ്പെട്ട ചെടികളും മുറിച്ചു മാറ്റിയപ്പോഴും സിന്ദൂരകായേല്‍ തൊടാന്‍ ഞാന്‍ സമ്മതിച്ചില്ല. കാരണം അമ്മായിക്ക് മക്കളും, ആങ്ങളെടെ കുട്ട്യേളും ഒക്കെ വേറെ ഉണ്ടായിട്ടും, അവര്‍ക്കൊക്കെ സ്ഥലം ഉണ്ടായിട്ടും, അമ്മായിക്ക് സ്വന്തം പുരയിടം ഉണ്ടായിട്ടും അമ്മായി ആ ചെടി നട്ടത് ഞങ്ങടെ മുറ്റതല്ലേ. അത് ഞങ്ങളോടുള്ള സ്നേഹം കൊണ്ടല്ലേ? അമ്മായി അത് സ്നേഹം കൊണ്ട് നാട്ടതാണോ എന്നൊന്നും എനിക്കറിയില്ല . അതിന്നാലും വെട്ടണ്ട അതവിടെ ആര്‍ക്കും ഉപദ്രവമില്ലാതെ ഇരുന്നോട്ടെ.
അമ്മായി മക്കളോടും മരുമക്കളോടും എല്ലാം വഴക്കിട്ടു ഒറ്റക്കായിരുന്നു താമസം. ഒരു ചെറിയ കുടിലില്‍ . തൊട്ടടുത്ത പറമ്പില്‍ അച്ഛന്റെ വല്യമ്മയും താമസിച്ചിരുന്നു. രണ്ടുപേരും എപ്പൊഴും മുട്ടന്‍ വഴക്കായിരുന്നു. നാത്തൂന്‍ പോര്. രണ്ടുപേരും കൂടോത്രത്തിലും മന്ത്രവാദത്തിലും എല്ലാം വിശ്വസിച്ചിരുന്നു. അതിന്റെ പേരിലാണ് വഴക്കെല്ലാം. വല്യമ്മയാണ് ആദ്യം മരിച്ചത് . അതിനു ശേഷം അമ്മായിക്ക് ഒറ്റയ്ക്ക് കഴിയാന്‍ പേടി ആയിരുന്നു .
അമ്മായിയുടെ ചേച്ചിയാണ് ഞങ്ങടെ ഏടത്തിഅച്ഛമ്മ. ഞാന്‍ ഇങ്ങു ദുബായില്‍ എത്തി മൂന്ന് മാസം ആയപ്പോള്‍ ഏടത്തി അച്ഛമ്മ മരിച്ചു . ഇനി ഞാന്‍ നാട്ടില്‍ പോയാല്‍ അവിടെ ഏടത്തി അച്ഛമ്മ ഇല്ല :( ഏടത്തി അച്ഛമ്മ എന്റെ വല്യച്ഛന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത് . അവര്‍ കല്യാണം കഴിച്ചിട്ടില്ല. പക്ഷെ വെളുത്തു സുന്ദരി ആയിരുന്നു. അമ്മായി പറയും നിങ്ങളിങ്ങനെ പാലെല്ലാം കൊടുത്തിട്ടാണ് എന്റെ ഏടത്തി വെളുത്തിരിക്കുന്നതെന്ന്. വളരെ ശാന്ത സ്വഭാവി ആയ ഏടത്തി അച്ഛമ്മ ഞങ്ങടെ എല്ലാം പ്രിയങ്കരി ആയിരുന്നു. അമ്മായിയുടെ നേരെ എതിര്‍ സ്വഭാവം.
എനിക്കും അമ്മയ്ക്കും ചിക്കന്‍പോക്സ് വന്നപ്പോള്‍ നോക്കിയത് ഏടത്തിഅച്ഛമ്മ ആണ് . ഞാന്‍ അന്ന് വളരെ ചെറുതായിരുന്നു , പക്ഷെ അവരുടെ സ്നേഹത്തോടെ ഉള്ള പരിചരണം ഇപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ട്. അതിനുള്ള ശേഷിപ്പായി എന്റെ മാറിലെ രോമങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ എനിക്ക് മാത്രം കാണാനായി രോഗത്തിന്റെ കല ഉണ്ട്. എന്റെ നെഞ്ചിന്റെ ഒത്തനടുക്ക്.
ഏടത്തിഅച്ഛമ്മ യെ സ്നേഹിച്ച പോലെ ഞാന്‍ അമ്മായിയെ സ്നേഹിച്ചിട്ടില്ലെന്നത് സത്യമാണ്. പക്ഷെ ഒരിക്കലും ഒരു ഇഷ്ടക്കേടും തോന്നിയിട്ടില്ല.
ഇതുപോലെ ഞാന്‍ ഒരു ലില്ലി ചെടിയും വളര്തുനുണ്ട്. ഞാന്‍ നേഴ്സറി പഠിക്കുമ്പോള്‍ ചങ്ങാതീടെ വീടീന്നു കൊണ്ടൊന്നു കുഴിച്ചിട്ടതാണ് ഞാന്‍ ഒരു ദിവസം നോക്കിയപ്പോള്‍ അത് മുറ്റത്ത് കാണുന്നില്ല. ഞാന്‍ അമ്മയോട് ചോദിച്ചപ്പോള്‍ , പറഞ്ഞു അത് അച്ഛന്‍ പറിച്ചു തെങ്ങിന് തോലിട്ടെന്നു. ഈ വയസ്സിലും എന്റെ കണ്ണ് നിറഞ്ഞു പോയി. കൊല്ലങ്ങളായി ഞാന്‍ കണ്ടുകൊണ്ടിരുന്ന ചെടി. എത്ര നിസാരമായാണ് പിഴുതെറിഞ്ഞത്. എന്റെ വിഷമം കണ്ട അച്ഛന്‍ മണ്ണ് തുറന്നു ആ ചെടി പുറത്തെടുത് , മാറ്റി തടം വെട്ടി കുഴിച്ചിട്ടു. അതിപ്പോള്‍ പഴയതിനേക്കാള്‍ ഉഷാറായി വളരുന്നു. അച്ഛന്‍ കുഴിച്ചിട്ടതോണ്ടാകാം.
ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും വില പറയാന്‍ കഴിയില്ല . അതൊരു ചെടിയാണെങ്കിലും മുറിവിന്റെ പാടാണെങ്കിലും. അത് ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകളിലേക്കുള്ള പാതകളാണ്. നമുക്കെല്ലാവര്‍ക്കും ഉണ്ടാകും ഇതുപോലത്തെ ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ . ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ
No comments:
Post a Comment